important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Edu:News


18-08-2015
സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഈ അധ്യയനവര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ്.സി.ഇ.ആര്‍.ടി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 1,50,000 രൂപയില്‍ കവിയാത്തവരും 2014-15 അധ്യയനവര്‍ഷം വര്‍ഷാവസാന പരീക്ഷയില്‍ 55% കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിശദാംശംwww.scert.kerala.gov.inല്‍ ലഭിക്കും. 31-07-2015
സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രയിനിങ് (സി.സി.ആര്‍.ടി) അധ്യാപകര്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ പത്ത് വരെ സി.സി.ആര്‍.ടി ആസ്ഥാനത്തും സെപ്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ ആറ് വരെ ഹൈദരാബാദിലും ഒക്ടോബര്‍ 13 മുതല്‍ 28 വരെ പൂനെയിലുമാണ് പരിശീലനം. വിശദാംശങ്ങള്‍www.ccrtindia.gov.in വെബ്‌സൈറ്റില്‍. അപേക്ഷ ഡയറക്ടര്‍, സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രയിനിങ് (എസ്.സി.ഇ.ആര്‍.ടി), വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം - 695 012 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം 02-07-2015
ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യൂ.ഐ.പി) കമ്മിറ്റി പുനഃസംഘടിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ പി. ഹരിഗോവിന്ദന്‍ (കെ.പി.എസ്.ടി.യു), എ. കെ. സൈനുദ്ദീന്‍ (കെ.എസ്.ടി.യു), കെ. എന്‍. സുകുമാരന്‍ (കെ.എസ്.ടി.എ), ശരത്ചന്ദ്രന്‍ നായര്‍ (എ.കെ.എസ്.റ്റി.യു), സി. അബ്ദുള്‍ അസീസ് (കെ.എ.റ്റി.എഫ്), എ.വി. ഇന്ദുലാല്‍ (കെ.എ.റ്റി.എ), റോയ്മാത്യു (കെ.പി.എസ്.എച്ച്.എ), ജയിംസ് കുര്യന്‍ (കെ.എസ്.റ്റി.എഫ്), ആര്‍. എം.എസ്.എ സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍, എസ്.എസ്.എ സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍, സീമാറ്റ് ഡയറക്ടര്‍, എസ്.സി. ഇ.ആര്‍.റ്റി ഡയറക്ടര്‍, ഐ.ടി @ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു 26-06-2015
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അഖില കേരള വായനമല്‍സരത്തിന്റെ സ്‌കൂള്‍തല മല്‍സരം ജൂലൈ രണ്ടിന് നടക്കും. സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെ നാല് ഘട്ടമായാണ് മല്‍സരം. സ്‌കൂള്‍തലത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് എഴുത്തുപരീക്ഷ നടക്കും. സ്‌കൂള്‍ തലത്തില്‍ 10 ചോദ്യങ്ങള്‍ നിര്‍ദ്ദേശിച്ചുള്ള പുസ്തകങ്ങളില്‍ നിന്നും ശേഷിക്കുന്ന 40 ചോദ്യങ്ങള്‍ പൊതുവിജ്ഞാനവുമായിരിക്കും. സ്‌കൂള്‍തലത്തിലുള്ള മല്‍സരങ്ങള്‍ സ്‌കൂള്‍ അധികൃതരാണ് സംഘടിപ്പിക്കുന്നത്. ഇതില്‍ വിജയിക്കുന്ന ആദ്യത്തെ മൂന്നുസ്ഥാനക്കാര്‍ക്ക് താലൂക്ക്തല മത്സരത്തില്‍ പങ്കെടുക്കാം. താലക്ക്തലത്തിലെ ആദ്യ 10 സ്ഥാനക്കാര്‍ക്ക് ജില്ലാതല മല്‍സരത്തില്‍ പങ്കെടുക്കാം. ജില്ലാതല മല്‍സരത്തിലെ ഒന്നാംസ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മല്‍സരത്തില്‍ പങ്കെടുക്കാം. താലൂക്ക്തലത്തിലും ജില്ലാതലത്തിലും എഴുത്തുപരീക്ഷയായിരിക്കും. സംസ്ഥാനതലത്തില്‍ ക്വിസ് മല്‍സരവും എഴുത്തുപരീക്ഷയും ഓറല്‍ പരീക്ഷയും ഉണ്ടാവും. താലൂക്ക്തലം - 2015 ആഗസ്റ്റ് രണ്ടിനും ജില്ലാതലം- 2015 സെപ്തംബര്‍ 27-നും സംസ്ഥാനതലം 2015 നവംബര്‍ 14, 15 തീയതികളും നടക്കും. താലൂക്ക്തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1,500, 1,000, 750 രൂപ ക്യാഷ് അവാര്‍ഡും ആദ്യത്തെ 10 സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കും. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 3,000 രൂപയുടെ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തി പത്രവും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 2,000, 1,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടി പഠിക്കുന്ന സ്‌കൂളിനും കുട്ടി അംഗമായ ലൈബ്രറിയ്ക്കും ട്രോഫി നല്‍കും. സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിക്ക് 7,500 രൂപയുടെ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തിപത്രവും നല്‍കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5,000, 4,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിപഠിക്കുന്ന സ്‌കൂളിനും കുട്ടി അംഗമായിട്ടുള്ള ഗ്രന്ഥശാലയ്ക്കും ട്രോഫി നല്‍കും. കൂടാതെ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിയ്ക്ക് 1,500 രൂപയുടെ ജയശങ്കര്‍ സ്മാരക ക്യാഷ് അവാര്‍ഡും സ്‌കൂളിന് ജയശങ്കര്‍ സ്മാരക റോളിംഗ് ട്രോഫിയും സമ്മാനിക്കും. സ്‌കൂള്‍തല മത്സരങ്ങള്‍ എല്ലാ സ്‌കൂളുകളിലും സംഘടിപ്പിക്കണമെന്നും എല്ലാ വിദ്യാര്‍ത്ഥികളും അഖില കേരള വായന മല്‍സരത്തില്‍ പങ്കാളികളാകണമെന്നും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണനും സെക്രട്ടറി പി.അപ്പുക്കുട്ടനും അറിയിച്ചു. 18-06-2015
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2014-15 -ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ക്യാഷ് അവാര്‍ഡ് നല്‍കാന്‍ അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലും യഥാക്രമം മൂന്ന് വീതം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കാണ് ക്യാഷ് അവാര്‍ഡ് അനുവദിക്കുന്നത്. പദ്ധതിയിലെ അംഗം ജോലി ചെയ്യുന്ന ജില്ലകളിലെ ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ ജൂലൈ 31 ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷകള്‍ ലഭിക്കണം

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും 2015-16 വര്‍ഷത്തേയ്ക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. സ്വന്തം വിലാസം രേഖപ്പെടുത്തിയ അഞ്ച് രൂപ സ്റ്റാമ്പ് ഒട്ടിച്ച് 22 ഃ 10 സെ.മി വലിപ്പമുള്ള കവര്‍ സഹിതം അപേക്ഷിച്ചാല്‍ അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തപാല്‍ മാര്‍ഗവും ബന്ധപ്പെട്ട ജില്ലാ ഓഫീസുകളില്‍ നിന്ന് നേരിട്ടും ലഭിക്കും. അപേക്ഷകള്‍ രക്ഷകര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തൊഴിലുടമ ശുപാര്‍ശചെയ്യണം. ഏഴാം ക്ലാസില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്റെ പ്രത്യേക പകര്‍പ്പ് ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തണം. ഇതിനൊപ്പം അപേക്ഷകന്റെയോ രക്ഷകര്‍ത്താവിന്റെയോ (ഐ.എഫ്.എസ്.സി കോഡുള്ള) ബാങ്ക് പാസ്ബുക്കിന്റെ ഒന്നാം പേജിന്റെ പകര്‍പ്പ് സഹിതം ജൂലൈ 31 നകം ജില്ലയിലെ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയത്തിലേയ്ക്ക് അയച്ചുകൊടുക്കണം. എട്ട്, ഒന്‍പത് ക്ലാസുകളില്‍ ഗ്രാന്റ് ലഭിച്ചവരും പാസായിട്ടുള്ളവരും യഥാക്രമം ഒന്‍പത്, പത്ത് ക്ലാസുകളിലേക്ക് ഗ്രാന്റ് പുതുക്കി ലഭിക്കാന്‍ അപേക്ഷ നല്‍കണം. ജൂലൈ 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. 14-06-2015

സ്‌കൂള്‍ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാന്‍ 10 ഇന നിര്‍ദ്ദേശങ്ങളടങ്ങിയ മാര്‍ഗരേഖ. തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസിന്റേതാണ് മാര്‍ഗരേഖ. ഇത് സംബന്ധിച്ച് സ്‌കൂള്‍ കുട്ടികളുടെ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും ബോധവത്കരണം നടത്തി. നന്ദാവനം ആംഡ് റിസര്‍വ്വ് സഭാ ഹാളില്‍ നടന്ന ട്രാഫിക് സുരക്ഷാ ചടങ്ങില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് വിശദീകരിച്ചത്. വാഹനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിവരങ്ങള്‍ പതിക്കുക, അമിതവേഗം ഒഴിവാക്കുക, കുട്ടികളുടെ എണ്ണം നിയമാനുസൃതമാക്കുക, കുട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ വാഹനത്തില്‍ സൂക്ഷിക്കുക, യോഗ്യത മാനദണ്ഡമാക്കി വാഹനത്തിലെ ജീവനക്കാരെ ഉള്‍പ്പെടുത്തുക, എമര്‍ജന്‍സി എക്‌സിറ്റ് അടക്കം നിര്‍ദ്ദിഷ്ട സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുക, തുടങ്ങിയവയാണ് മാര്‍ഗരേഖയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. 12-06-2015

സേവ് പമ്പ സേവ് വേമ്പനാട് കാമ്പയിന്റെ ഭാഗമായി വേമ്പനാട് തണ്ണീര്‍ത്തടത്തിലെ ആവാസ വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടുള്ള പമ്പാനദീ സംരക്ഷണവും പരിപാലനവും എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പോസ്റ്റര്‍ പ്രബന്ധ മത്സരങ്ങളാണ് ഹൈസ്‌കൂള്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്നത്. പോസ്റ്ററുകളും പ്രബന്ധങ്ങളും സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ/പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രത്തോടൊപ്പം അയക്കണം. ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും യഥാക്രമം അയ്യായിരം മൂവായിരം രണ്ടായിരം രൂപ വീതവും സമ്മാനമായി ലഭിക്കും. നദീ സംരക്ഷണത്തിനും പരിപാലനത്തിനും പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏറ്റവും നല്ലപ്രൊപ്പോസലിനായിട്ടുള്ള മത്സരമാണ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്നത്. പ്രൊപ്പോസലുകള്‍ വ്യക്തികള്‍ക്കും വ്യക്തികള്‍ കൂട്ടായിട്ടും സ്ഥാപനങ്ങള്‍ക്കും സമര്‍പ്പിക്കാം. അഞ്ചുവര്‍ഷം കൊണ്ട് സമയബന്ധിതമായി നടപ്പാക്കാവുന്ന പ്രായോഗികമായ നിര്‍ദ്ദേശങ്ങളായിരിക്കണം പ്രൊപ്പോസലില്‍ ഉള്‍ക്കൊള്ളേണ്ടത്. ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും യഥാക്രമം പതിനായിരം, അയ്യായിരം, മൂവായിരം രൂപ വീതവും ലഭിക്കും. എന്‍ട്രികള്‍ ജൂലൈ 20 ന് മുമ്പ് പ്രോജക്ട് ഡയറക്ടര്‍, പമ്പ റിവര്‍ബേസില്‍ അതോറിറ്റി, സി.ഡബ്ല്യു.ആര്‍.ഡി.എം. സബ്‌സെന്റര്‍, നെയ്യാറ്റിന്‍കര, തിരുവനന്തപുരം 695121 വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് :www.cwrdm.org, gc@cwrdm.org 03-06-2015

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാരംഗം കലാസാഹിത്യവേദിയുടെ പരിഷ്‌കരിച്ച മാനുവല്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തിലിന് നല്‍കി പ്രകാശനം ചെയ്തു. 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് മാനുവല്‍ പരിഷ്‌കരിച്ചത്. 30-05-2015 പുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ ജൂണ്‍ ഒന്ന് മുതല്‍ പ്രാവര്‍ത്തികമാക്കും. അമിതമായി കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനം ഓടിക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയും പരിചയവും ഉള്ള ഡ്രൈവര്‍മാരെ നിയോഗിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനമായി ഉപയോഗിക്കുന്നില്ലെന്ന് പരിശോധന നടത്തി ഉറപ്പ് വരുത്തും. വാഹനങ്ങളില്‍ ഫിറ്റ്‌നസ് ടെസ്റ്റിനു ശേഷം അഗ്നിശമന ഉപകരണം, സ്പീഡ് ഗവേണര്‍, എമര്‍ജന്‍സി എക്‌സിറ്റ് എന്നിവ ഏര്‍പ്പെടുത്തിയിട്ടുള്ളതും പരിശോധിക്കും. വാഹനങ്ങളില്‍ ഡോര്‍ അറ്റന്‍ഡര്‍ ഉണ്ടായിരിക്കണം. റോഡ് മുറിച്ചു കടക്കുന്നതിന് കുട്ടികളെ ഇവര്‍ സഹായിക്കണം. വാഹനങ്ങളുടെ പുറകിലും വശങ്ങളിലും സ്‌കൂള്‍ ഫോണ്‍ നമ്പര്‍, ചൈല്‍ഡ് ലൈന്‍ നമ്പരായ 1098 എന്നിവ എഴുതി പ്രദര്‍ശിപ്പിക്കണം. ബസില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ പട്ടികയും അവരുടെ രക്ഷിതാക്കളുടെ ഫോണ്‍ നമ്പരും ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളെ കയറ്റാന്‍ വിമുഖത കാണിക്കുന്ന സ്വകാര്യബസുകള്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എല്ലാ സ്‌കൂളുകളിലും ഒരു അധ്യാപകനെ (കഴിവതും എസ്.പി.സി/എന്‍.സി.സി/എന്‍.എസ്.എസ്. ചുമതലയുള്ളവര്‍) നോഡല്‍ ഓഫീസറായി നിയമിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നങ്ങള്‍ നിരന്തരമായി നിരീക്ഷിക്കുന്നതിനും പോലീസ്, വിദ്യാഭ്യാസസ്ഥാപനം എന്നിവ വഴി പരിഹാരം കണ്ടെത്തുന്നതിനുമായി ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ നിയോഗിക്കും. ഈ ഉദ്യോഗസ്ഥന്റെ നമ്പര്‍ എല്ലാ സ്‌കൂള്‍ അധികാരികള്‍ക്കും നോഡല്‍ ഓഫീസര്‍മാര്‍ക്കും നല്‍കും. സ്‌കൂള്‍ വാഹനങ്ങളുടെ യന്ത്രക്ഷമത പരിശോധിക്കാനും ഡ്രൈവര്‍മാര്‍, ആയമാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് റോഡ് സുരക്ഷയെക്കുറിച്ച് അവബോധം നല്‍കുന്നതിനും നടപടി സ്വീകരിക്കും. ഡ്രൈവര്‍മാരുടെ ഫോണ്‍ നമ്പര്‍, അവര്‍ ഏതു വാഹനങ്ങള്‍ ഓടിക്കുന്നു, റൂട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ സ്‌കൂളില്‍ സൂക്ഷിക്കാനും രക്ഷിതാക്കള്‍ക്ക് ആവശ്യാനുസരണം വിവരം നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും റോഡ് സുരക്ഷാ പ്രതിജ്ഞ എടുക്കുന്നതിനും ടൈംടേബിള്‍ കാര്‍ഡ്, നെയിം സ്ലിപ് എന്നിവ സൗജന്യമായി നല്‍കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുവദനീയമായ കണ്‍സഷന്‍ കാര്‍ഡുകള്‍ സമയബന്ധിതമായി നല്‍കുന്നതിന് സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റികള്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ ഇക്കാര്യത്തില്‍ പരാതികള്‍ ഉണ്ടെങ്കില്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്ക് 8547639000 എന്ന നമ്പരിലോ 7025950100 എന്ന നമ്പരിലോ പരാതിപ്പെടാം 28-05-2015 മുസ്‌ലിം, ക്രിസ്ത്യന്‍, മതവിഭാഗങ്ങളിലുള്ള ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ട് ദിവസത്തെ സൗജന്യ കരിയര്‍ ഗൈഡന്‍സ് / വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. വാര്‍ഷിക പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനം മാര്‍ക്ക് നേടിയ 100 പേര്‍ക്കാണ് പ്രവേശനം. 30 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കും 20 ശതമാനം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. സ്‌കൂള്‍ മേലധികാരിയുടെ മേലൊപ്പോടുകൂടി ഡപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് വിലാസത്തില്‍ അതത് ജില്ലാ കളക്ടറേറ്റുകളില്‍ പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ജൂണ്‍ 30 വരെ സ്വീകരിക്കും. അപേക്ഷാ പത്രിക www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും

25-05-2015 ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 30ന് വൈകിട്ട് അഞ്ച് മണി വരെ നീട്ടി. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കായി അപേക്ഷാഫോറം ജില്ലാ കേന്ദ്രങ്ങളില്‍ ലഭിക്കും. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും സ്‌കൂളുകളില്‍ നിന്നും വിതരണം ചെയ്യാനുള്ള ക്രമീകരണം അതത് പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കും. ജില്ലാകേന്ദ്രങ്ങളില്‍ നിന്നും നേരിട്ടും അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ലഭിക്കും. ജില്ലാ വിതരണകേന്ദ്രങ്ങളെ സംബന്ധിച്ച വിശദാംശം www.hscap.kerala.gov.in ല്‍ ലഭിക്കും. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകള്‍ സഹിതം സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കാനുള്ള അവസാന തീയതിയും മെയ് 30 വൈകിട്ട് അഞ്ച് മണിവരെയാണെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടറി അറിയിച്ചു

07-05-2015 2015-16 അദ്ധ്യയന വര്‍ഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങള്‍ യഥാസമയം ഇന്‍ഡന്റ് ചെയ്യാതിരുന്ന 194 സ്‌കൂളുകളുടെ പേരുവിവരങ്ങള്‍ itschool.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. ലിസ്റ്റിലുള്ള സ്‌കൂളുകള്‍ക്ക് ഈ മാസം 15-ാം തീയതിക്കുള്ളില്‍ ഇന്‍ഡന്റ് നല്‍കുന്നതിനുള്ള അവസരം വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. അംഗീകാരമുള്ള അണ്‍-എയിഡഡ്/സി.ബി.എസ്.ഇ. സ്‌കൂളുകള്‍, രേഖപ്പെടുത്തിയ ഇന്‍ഡന്റ് പ്രകാരമുള്ള പാഠപുസ്തകങ്ങളുടെ വില അടയ്ക്കുന്നതിനുള്ള വിശദവിവരം ഇ-മെയില്‍ മുഖേന ഉടന്‍ അറിയിക്കും 05-05-2015 പി.എസ്.സി മുഖേന അധ്യാപക തസ്തികയിലേക്കുള്ള നിയമന ശുപാര്‍ശ ലഭിച്ചിട്ടും നിയമന ഉത്തരവ് ലഭിക്കാത്ത എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അടുത്തതായി ഉണ്ടാകുന്ന അധ്യാപക തസ്തികകളിലെ ഒഴിവുകളില്‍ ഉടന്‍ നിയമനം നല്‍കേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ക്രമീകരിച്ച ശേഷം മാത്രമേ ബൈപ്രോമോഷന്‍, ട്രാന്‍സ്ഫര്‍, ഇന്റര്‍ ഡിസ്ട്രിക്ട് ട്രാന്‍സ്ഫര്‍, ഡപ്യൂട്ടേഷന്‍ എന്നിവ മുഖേന ഒഴിവുകള്‍ നികത്താവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശ എല്ലാ ജില്ലകളിലും കര്‍ശനമായി നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെയും അറിയിക്കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2013-14-ലെ തസ്തിക നിര്‍ണയത്തെ തുടര്‍ന്ന് അധ്യാപക തസ്തികകളില്‍ കുറവുവന്ന കാരണത്താല്‍ വിവിധ ജില്ലകളില്‍ നിന്നും പബ്ലിക് സര്‍വീസ് കമ്മീഷനിലേക്ക് എഴുതി അറിയിക്കപ്പെട്ട അധ്യാപക തസ്തികകളിലേക്ക് പി.എസ്.സി നിയമന ശുപാര്‍ശ നല്‍കിയെങ്കിലും നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് ലഭിക്കാത്ത സാഹചര്യം നിലവിലുള്ളതായി പി.എസ്.സിയും പൊതു വിദ്യാഭ്യാസ ഡയറക്ടറും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 186 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇപ്രകാരം നിയമനം തടസപ്പെട്ടത്. സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കുന്നത് സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ് എന്ന വസ്തുതയും ഇത് സംബന്ധിച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിയും കണക്കിലെടുത്താണ് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്.

ജനുവരി 15 മുതല്‍ കോഴിക്കോട് നടക്കുന്ന 55-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം വിക്ടേഴ്‌സ് ചാനല്‍ തത്സമയം സംപേഷണം ചെയ്യും. പൂര്‍ണസമയം വെബ്‌സ്ട്രീമിങ്ങും ഉണ്ടാവും. പത്ത് സ്റ്റേജുകളില്‍ നിന്നുള്ള വീഡിയോവെബ്കാസ്റ്റിങ് ലഭിക്കും. കലോത്സവ ഫലപ്രഖ്യാപനം പരിപൂര്‍ണമായും ഓണ്‍ലൈനായിwww.schoolkalolsavam.in എന്ന പോര്‍ട്ടലില്‍ ലഭ്യമാക്കാന്‍ ഐടി അറ്റ് സ്‌കൂള്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിനുപുറമേ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ആപ്പും ഐടി അറ്റ് സ്‌കൂള്‍ തയാറാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും സ്‌കൂള്‍ കലോത്സവം എന്ന് സെര്‍ച്ച് ചെയ്ത് ഉപയോക്താവിന്റെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാം.www.victers.itschool.gov.inഎന്ന വെബ്‌സൈറ്റിലൂടെ വിക്ടേഴ്‌സ് ചാനല്‍ തത്സമയം കാണാന്‍ സാധിക്കും.

വിവാഹബന്ധം വേര്‍പെടുത്തിയ കേസുകളിലും മാതാവ്/പിതാവ് ഉപേക്ഷിച്ചുപോയിട്ടുള്ള കേസുകളിലും കുട്ടി ആരുടെ സംരക്ഷണയിലാണോ അതനുസരിച്ച് മാതാവിന്റെ/പിതാവിന്റെ മാത്രം അപേക്ഷയുടെ അടിസ്ഥാനത്തില്‍ ജനന രജിസ്റ്ററില്‍ പേര് തിരുത്തി നല്കാമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. എന്നാല്‍ ഇത്തരം സന്ദര്‍ഭത്തില്‍ മാതാവ്/പിതാവ് കുട്ടിയും തിരിച്ചറിയല്‍ രേഖയും സഹിതം രജിസ്ട്രാറുടെ മുമ്പാകെ ഹാജരാകണം. തിരുത്തലിനുള്ള എല്ലാ വ്യവസ്ഥകളും പാലിച്ച് ജനന രജിസ്റ്ററില്‍ പേര് തിരുത്തി നല്‍കാം. (സര്‍ക്കുലര്‍ നമ്പര്‍ 55767/ആര്‍.ഡി.3/14/തസ്വഭവ)

01-01-2015
കേരള, ഗള്‍ഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് 2015-16 അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ക്കുളള ഇന്‍ഡന്റ് വെബ്‌സൈറ്റായwww.itschool.gov.inല്‍ ഓണ്‍ലൈനായി ജനുവരി മൂന്ന് മുതല്‍ 15 വരെ നല്‍കാം. ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കാണ് ഇന്‍ഡന്റ് നല്‍കാവുന്നത്. സ്‌കൂളുകളില്‍ നിന്നും ഇന്‍ഡെന്റിങ് നടത്തുന്നതിനുളള വിശദവിവരങ്ങളടങ്ങിയ സര്‍ക്കുലര്‍www.education.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.


പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള ഗവണ്‍മെന്റ് സ്‌കൂളുകളിലെ എല്‍.പി., യു.പി. പ്രഥമാധ്യാപകര്‍ക്കുളള ദ്വിദിന മാനേജ്‌മെന്റ് പരിശീലനം ജനുവരി അഞ്ച് മുതല്‍ 17 വരെ ഏഴ് ബാച്ചുകളിലായി സീമാറ്റ്- കേരള നടത്തുന്നു. കെ.ഇ.ആര്‍., കെ.എസ്.ആര്‍., ഫിനാന്‍സ് മാനേജ്‌മെന്റ്, സ്റ്റോര്‍ പര്‍ച്ചേയ്‌സിങ്, സ്‌കൂള്‍ വികസന പദ്ധതിയും വിദ്യാലയാസൂത്രണവും, അക്കാദമിക മികവുകള്‍, ഐ.സി.ടി യും ഇ-ഗവേണന്‍സും, പ്രഥമാധ്യാപകന്റെ കടമകളും ചുമതലകളും, നേതൃഗുണങ്ങളും സ്ട്രസ് മാനേജ്‌മെന്റും, സ്‌കൂള്‍ മോണിറ്ററിംഗ് ആന്‍ഡ് ഇവാല്യൂവേഷന്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ടൈം മാനേജ്‌മെന്റ് എന്നിവ മാനേജ്‌മെന്റ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതത് വിഷയങ്ങളിലെ വിദഗ്ദ്ധര്‍ ക്ലാസെടുക്കും. അറിയിപ്പ് കിട്ടിയ പ്രഥമാദ്ധ്യാപകര്‍ അതത് ബാച്ചുകളില്‍ എത്തണമെന്ന് സീമാറ്റ് - കേരള ഡയറക്ടര്‍ അറിയിച്ചു

19-12-2014
വിക്ടേഴസില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വേണ്ടി തൊഴില്‍മേഖലയും തൊഴില്‍ അവസരങ്ങളും പരിചയപ്പെടുത്തുന്ന ജോബ് ന്യൂസ് ആരംഭിക്കുന്നു. ഗവണ്‍മെന്റ്, പ്രൈവറ്റ് ബാങ്കിംഗ് മേഖല, പി.എസ്.സി., യു.പി.എസ്.സി തൊഴിലവസരങ്ങള്‍, സ്‌കോളര്‍ഷിപ്പ്, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയവ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11.30 നും വൈകുന്നേരം നാല് മണിക്കും ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കും രാത്രി പത്ത് മണിക്കുമാണ് സംപ്രേഷണം.


എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിക്ടേഴ്‌സ് ചാനലില്‍ എസ്.എസ്.എല്‍.സി. ഒരുക്കം പ്രത്യേക പഠനപരമ്പര ആരംഭിക്കുന്നു. എല്ലാ ദിവസവും രാവിലെ 6.30-നും 7.30-നും രാത്രി ഏഴിനും 8.30-നുമാണ് സംപ്രേഷണം. ഓരോ വിഷയത്തിലും പ്രശസ്തരായ അധ്യാപകരാണ് പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 150-ല്‍പരം അധ്യാപകര്‍ പങ്കെടുക്കും. എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, ഓരോ വിഷയത്തിലെയും എളുപ്പവഴികള്‍, ചോദ്യപ്പേപ്പര്‍ വിശകലനം, ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് എസ്.എസ്.എല്‍.സി. ഒരുക്കം നിര്‍മ്മിച്ചിരിക്കുന്നത്. വിശദ പഠനം, റിവിഷന്‍, മാതൃകാ ചോദ്യങ്ങള്‍, വാമിങ് അപ്, കൗണ്ട് ഡൗണ്‍ എന്നീ അഞ്ച് വിഭാഗങ്ങളായാണ് പരിപാടി അവതരിപ്പിക്കുന്നത്.

എന്‍.സി.ഇ.ആര്‍.ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തുന്ന ന്യൂമാറ്റ്‌സ് പദ്ധതിയില്‍ കഴിഞ്ഞ അവധിക്കാല ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് മൂന്ന് മേഖലകളിലായാണ് ഏകദിന പരിശീലനം. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കുട്ടികള്‍ക്ക് ഡിസംബര്‍ 21ന് കോഴിക്കോട് ഡയറ്റിലും (വടകര), പാലക്കാട്, എറണാകുളം, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളിലെ കുട്ടികള്‍ക്ക് ഡിസംബര്‍ 23ന് തൃശൂര്‍ ഡയറ്റിലും (രാമവര്‍മ്മപുരം) തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ കുട്ടികള്‍ക്ക് ഡിസംബര്‍ 26ന് ആലപ്പുഴ ഡയറ്റിലുമാണ് (ചെങ്ങന്നൂര്‍) ക്യാമ്പ്. അന്നേദിവസം രാവിലെ ഒന്‍പത് മണിക്ക് കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം എത്തണം. ഫോണ്‍ 9496371552.

17-12-2014
ഫെബ്രുവരി രണ്ടിനു നടന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.lbscentre.org, www.lbskerala.com എന്നീ വെബ്‌സൈറ്റുകളിലും ലഭിക്കും. ആകെ 28571 പേര്‍ പരീക്ഷ എഴുതിയതില്‍ 4426 പേര്‍ വിജയിച്ചു. വിജയശതമാനം 15.49. ജയിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുളള അപേക്ഷാഫോറം എല്‍.ബി.എസ്. സെന്ററിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച് രേഖകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ 30 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ എ4 വലിപ്പത്തിലുളള കവര്‍ സഹിതം ഡയറക്ടര്‍ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം - 33 വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2560311, 312, 313.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers